അമേരിക്കയിൽ ചുഴലിക്കാറ്റ്; ഒൻപത് പേർ മരിച്ചു
Monday, May 27, 2024 12:41 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ടെക്സസ്, അർക്കൻസാസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്.
തെക്കൻ സമതല മേഖലയിൽ ശനിയാഴ്ച വൈകി ആരംഭിച്ച കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഡാളസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായി കുക്ക് കൗണ്ടി ഷെരീഫ് റേ സാപ്പിംഗ്ടൺ പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാമെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും റേ സാപ്പിംഗ്ടൺ വ്യക്തമാക്കി.
കൊടുങ്കാറ്റിനെ തുടർന്ന് വീടുകളും പെട്രോൾ പമ്പും തകർന്നു. അന്തർസംസ്ഥാന പാതയിൽ വാഹനങ്ങളും മറിഞ്ഞു.
ഒക്ലഹോമയിലെ മെയ്സ് കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് പേരെങ്കിലും മരിച്ചതായി എമർജൻസി മാനേജ്മെന്റ് കൗണ്ടി ഹെഡ് ജോണി ജാൻസെൻ പറഞ്ഞു. വടക്കൻ അർക്കൻസാസിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കൊടുങ്കാറ്റിൽ രണ്ട് പേർ മരിച്ചതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു.