ഹൈദരാബാദിന് കാലിടറി ; കപ്പടിച്ച് കോൽക്കത്ത
Sunday, May 26, 2024 10:31 PM IST
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എട്ടു വിക്കറ്റിന് തകർത്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ജേതാക്കൾ. സ്കോർ: ഹൈദരാബാദ് 113/10 (18.3) കോൽക്കത്ത 114/2(10.3).
ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. കൂറ്റൻ അടികൊണ്ട് പോരു കേട്ട ആവരുടെ ഏഴു താരങ്ങൾക്ക് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
18.3 ഓവറില്‍ 113 റൺസിന് എല്ലാവരും പുറത്തായതോടെ ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണംകെട്ട റിക്കാർഡും സൺറൈസേഴ്സിന്റെ പേരിലായി. 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ.
മറുപടി ബാറ്റിംഗില്‍ കോല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കോല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.
ആറ് റൺസെടുത്ത സുനില്‍ നരെയ്ന്റെയും 39 റൺസെടുത്ത റഹ്മനുള്ള ഗുർബസിന്റെയും വിക്കറ്റാണ് കോൽക്കത്തയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.
ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീടമാണിത്. 2012ലും 2014ലും കോൽക്കത്ത കിരീടത്തിൽ മുത്തമിട്ടിരുന്നു.
ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്ലി സ്വന്തമാക്കി. രണ്ടാം തവണയാണ് കോഹ്ലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. പ്ലേ ഓഫില്‍ പുറത്തായ ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 741 റണ്‍സാണ് താരം നേടിയത്.
ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് പഞ്ചാബ് കിംഗ്സിന്റെ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി. 24 വിക്കറ്റുമായിട്ടാണ് താരം ഒന്നാമതെത്തിയത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തി 21 വിക്കറ്റുമായി രണ്ടാം സ്ഥാനത്ത് എത്തി.