മൂടിക്കെട്ടി ചെന്നൈയിലെ ആകാശം; ഐപിഎൽ കലാശപ്പോരിൽ ആശങ്കയായി കാലാവസ്ഥ
Sunday, May 26, 2024 1:23 PM IST
ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ആശങ്കയുണർത്തി മഴമേഘങ്ങൾ. വൈകുന്നേരം 7.30ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ചെന്നൈയിലെ കാലാവസ്ഥ നിർണായകമാകും.
രാവിലെ മുതല്‍ മൂടിക്കെട്ടി അന്തരീക്ഷമാണ് ചെന്നൈയില്‍. മത്സരസമയത്ത് മഴ പെയ്യാൻ സാധ്യത പ്രവചിക്കുന്നില്ലെങ്കിലും റീമൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അപ്രതീക്ഷിത മഴ പെയ്യുമോ എന്നാണ് ആശങ്ക. മത്സരം തുടങ്ങുന്ന രാത്രി 7.30ന് അഞ്ച് ശതമാനവും രാത്രി 9.30 ഓടെ എട്ട് ശതമാനവുമാണ് മഴയ്ക്കുള്ള സാധ്യത.
മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും ചെന്നൈയിലേത്. ഈ സാഹചര്യത്തിൽ പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നതിനാൽ മത്സരത്തിൽ ടോസ് നിർണായകമാകും. ഇന്ന് മഴ കളി മുടക്കിയാൽ റിസർവ് ദിനമായ തിങ്കളാഴ്ച പുനരാരംഭിക്കും.
ശനിയാഴ്ച വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴമൂലം കോല്‍ക്കത്തയുടെ പരിശീലന സെഷന് പകുതിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനമാണ് നടത്തിയത്.