രാജേഷിനെയും റിയാസിനെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം; ജുഡീഷൽ അന്വേഷണം വേണമെന്ന് മുരളീധരൻ
Sunday, May 26, 2024 11:43 AM IST
കോഴിക്കോട്: ബാർകോഴ ആരോപണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. മന്ത്രിമാരായ എം.ബി. രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി ജുഡീഷൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനു വേണ്ടി കൈക്കൂലിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അനിമോന്റെ ശബ്ദരേഖയിൽ വ്യക്തമാണ്. കൊടുക്കേണ്ടവർക്ക് കൊടുക്കേണ്ട പോലെ കൊടുക്കണം എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ബിൽഡിംഗ് ഫണ്ടിനെക്കുറിച്ച് ശബ്ദരേഖയിൽ എവിടെയും പറയുന്നില്ല. വിട്ടുവീഴ്ചയ്ക്ക് പ്രതിപക്ഷം തയാറല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഒരു കോടി രൂപയുടെ പേര് പറഞ്ഞ് കെ.എം. മാണിയെ രാജിവയ്പ്പിക്കാൻ ശ്രമിച്ചവർ 25 കോടിയുടെ അഴിമതി മൂടിവയ്ക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും ശക്തമായ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ബാർ കോഴക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എസ്പി എസ്. മധുസൂദനൻ, ഡിവൈഎസ്പി ബിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുക.
മദ്യനയം മാറ്റാൻ പണം നൽകണമെന്ന ബാറുടമകളുടെ സംഘടനാ നേതാവ് അനിമോന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി. രാജേഷ് ഡിജിപിക്കു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ശബ്ദരേഖയിലുള്ള ബാറുടമ അനിമോന്റെയും ബാറുടമകളുടെ സംഘടനാ നേതാവ് സുനിൽകുമാറിന്റെയും ഇടുക്കിയിലെ ബാറുടമകളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
കേസെടുക്കാതെയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. പണം വാങ്ങിയതിനോ ആർക്കെങ്കിലും കൊടുത്തതിനോ നിലവിൽ തെളിവുകളില്ല. കേസ് കടുപ്പിച്ചാൽ ബിസിനസിനെ ബാധിക്കുമെന്നതിനാൽ ബാറുടമകൾ പിന്മാറാനാണ് സാധ്യത. വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിലയച്ച് പരിശോധിക്കും. ഇത് ഉറപ്പിച്ചാലും അനുബന്ധ തെളിവുകളില്ലെങ്കിൽ കേസ് തെളിയിക്കാനാവില്ല.