ഐപിഎൽ ഫൈനൽ ഇന്ന്; കോൽക്കത്ത-ഹൈദരാബാദ് പോരാട്ടം
Sunday, May 26, 2024 5:30 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസൺ കലാശപ്പോരിന്റെ ആവേശത്തിൽ ചെന്നൈ നഗരം. ശ്രേയസ് അയ്യർ നയിക്കുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്.
എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് ഫൈനൽ. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ കോൽക്കത്തയ്ക്കു മുന്നിൽ കീഴടങ്ങിയ സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിൽ മലയാളി താരം സഞ്ജു സാംസണ് നയിച്ച രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് ഫൈനലിന് എത്തുന്നത്. ഈ സീസണിൽ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയതു കോൽക്കത്തയും ഹൈദരാബാദുമാണ്.
രണ്ടു തവണ കിരീടംനേടിയ കോൽക്കത്തയുടെ നാലാം ഫൈനലാണിത്. രണ്ടു തവണയും ഗൗതം ഗംഭീറിന്റെ നായക മികവാണ് കൊൽക്കത്തയെ കിരീടനേട്ടത്തിലെത്തിച്ചത്. 2021 ലെ ഫൈനലിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോടു പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഡേവിഡ് വാർണറുടെ നേതൃത്വത്തിൽ 2016ൽ ചാന്പ്യന്മാരായ ഹൈദരാബാദ് മൂന്നാംതവണയാണ് ഫൈനലിലെത്തുന്നത്.
2018ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനു മുന്നിൽ തലതാഴ്ത്തി.