ബംഗാളിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ ജനക്കൂട്ടത്തിന്റെ കല്ലേറ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
Saturday, May 25, 2024 5:51 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിക്കും സുരക്ഷാഉദ്യോഗസ്ഥർക്കും നേരെ ജനക്കൂട്ടത്തിന്റെ കല്ലേറ്. പശ്ചിമ മിഡ്നാപൂർ ജില്ലയിലെ ഗർബേറ്റയിലെ മംഗലപൊട്ട പ്രദേശത്താണ് സംഭവം.
ജാർഗ്രാമിലെ ബിജെപി സ്ഥാനാർഥി പ്രണത് ടുഡുവിനും സുരക്ഷാഉദ്യോഗസ്ഥർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇതേതുടർന്ന് സംഘം ഓടി രക്ഷപെട്ടു.
പ്രണാത് ടുഡുവിനെ ചില ആളുകൾ പിന്തുടരുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ഇവർ ഓടിരക്ഷപെടുന്നതിന്റെയും മറ്റും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗുണ്ടകളാണെന്നും തന്റെ രണ്ട് സുരക്ഷാഉദ്യോഗസ്ഥർക്ക് തലയ്ക്ക് പരിക്കേറ്റെന്നും പ്രണത് ആരോപിച്ചു.
എന്നാൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന ഒരു സ്ത്രീയെ പ്രണതിന്റെ സുരക്ഷാഉദ്യോഗസ്ഥരിൽ ഒരാൾ ആക്രമിച്ചുവെന്നും ഇതാണ് പ്രതിഷേധത്തിന് കാരണമായതെന്നും തൃണമൂൽ കോൺഗ്രസ് വിശദീകരിച്ചു.
പാർട്ടിയുടെ ഏജന്റുമാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പ്രണത്, ഗാർപേട്ടയിലെ ചില പോളിംഗ് ബൂത്തുകളിലേക്ക് പോകുകയായിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
"പെട്ടന്ന് റോഡ് ഉപരോധിച്ച ടിഎംസി ഗുണ്ടകൾ എന്റെ കാറിന് നേരെ ഇഷ്ടിക എറിയാൻ തുടങ്ങി. എന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടാൻ ശ്രമിച്ചപ്പോൾ അവർക്ക് പരിക്കേറ്റു. എന്നോടൊപ്പമുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ജവാന്മാർക്ക് തലയ്ക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.' പ്രണതിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തകർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും ജനക്കൂട്ടം അടിച്ചു തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.