യുക്രെയ്ന് 275 മില്യൺ ഡോളറിന്റെ സൈനിക സഹായം അയച്ച് യുഎസ്
Saturday, May 25, 2024 4:28 AM IST
കീവ്: ഖാർകിവ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, വെടിമരുന്ന്, മിസൈലുകൾ, മൈനുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ യുക്രെയ്നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക.
“ധീരരായ ഉക്രേനിയൻ ജനത തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിനായി യുക്രെയ്നിന് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സഹായം യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് പ്രഖ്യാപിക്കുന്നു,” സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
റഷ്യൻ സേനയെ പ്രതിരോധിക്കാൻ 275 മില്യൺ ഡോളറിന്റെ പാക്കേജ് ആണ് യുക്രെയ്ന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ആയുധങ്ങളുടെയും പണത്തിന്റെയും കുറവിനെ തുടർന്ന് യുക്രെയ്ൻ സൈന്യം യുദ്ധമേഖലയിൽ വലിയ രീതിയിൽ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ മാസം യുഎസ് 61 ബില്യൺ ഡോളറിന്റെ സൈനിക സഹായം യുക്രെയ്ന് നൽകിയിരുന്നു. അതിനുശേഷം, യുക്രെയ്നിലേക്ക് അഞ്ച് തവണ സൈനിക സഹായം അയയ്ക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു.
അതേസമയം, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലുണ്ടായ ആക്രമണത്തിൽ വ്യാഴാഴ്ച ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ അറിയിച്ചു.