സമസ്തയ്ക്ക് വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാം: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി
Friday, May 24, 2024 6:23 PM IST
കോഴിക്കോട്: സമസ്ത നേതൃത്വം നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി കേന്ദ്ര മുശാവറാ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. സമസ്ത നേതൃത്വത്തെയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ചതിനാണ് നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം ചോദിച്ചത്.
അച്ചടക്ക ലംഘനത്തിനുള്ള വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാമെന്ന് മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. മറുപടിയില്‍ സമസ്ത ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ നിർണായകമാണ്.
നദ്വിയോട് വിശദീകരണം ചോദിച്ചതില്‍ മുസ്ലീം ലീഗും സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും കടുത്ത അതൃപ്തിയിലാണ്. ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി തന്നെ രംഗത്തെത്തിയതോടെ ഇ.കെ. വിഭാഗം സമസ്തയില്‍ ഭിന്നത രൂക്ഷമായിരുന്നു.