കോഴയല്ല, ബില്‍ഡിംഗ് ഫണ്ട് പിരിവ്: ആരോപണം തള്ളി വി.സുനില്‍ കുമാര്‍
Friday, May 24, 2024 12:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിനായി സര്‍ക്കാരിന് കോഴ നല്കാന് പിരിവെടുത്തെന്ന ആരോപണം തള്ളി കേരള ഹോട്ടല്‍സ് അസോസിയേഷന്. അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബില്‍ഡിംഗ് ഫണ്ടിനു വേണ്ടിയാണെന്നും അനിമോന് കോഴ നല്കാന് നിര്‍ദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഫെഡറേഷന് ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാര്‍ വ്യക്തമാക്കി.
സംഘടനയെ പിളര്‍ത്താന്‍ ശ്രമം നടത്തിയതിന് അനിമോനെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിര്‍ക്കുന്ന ആളുകളുണ്ട്. അനിമോന് ഇതിലൊരാളാണ്.
കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും നാലുകോടിയാണ് പിരിച്ചത്. ബാക്കി പണം എക്സിക്യൂട്ടീവ് അംഗങ്ങള്‍ ലോണ്‍ ആയി തരാന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്നാണ് പിരിവ് കുറവ്. ജില്ലാ പ്രസിഡന്റ് അനിമോന് ഇക്കാര്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും സുനില്‍ വ്യക്തമാക്കി.
നേരത്തെ, അനുകൂലമായ മദ്യനയത്തിന് വേണ്ടി പണപ്പിരിവ് ആവശ്യപ്പെട്ട് അനി മോന്റെ വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. ഒന്നാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാന്‍ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു സന്ദേശം. സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണപ്പിരിവെന്നും സന്ദേശത്തിലുണ്ട്.
എന്നാല്‍ ആരോപണം സുനില്‍ കുമാര്‍ തള്ളി. സംഘടനയുടെ ഏഴൂവര്ഷമായി പ്രസിഡന്റായി താന്‍ തുടരുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ് പൂട്ടിയ ബാറുകള്‍ തുറന്നത്. ആ സമയത്ത് നിരവധി പ്രശ്നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അപ്പോഴല്ലേ ചര്ച്ചയുണ്ടാകേണ്ടിയിരുന്നതതെന്നും അദ്ദേഹം ചോദിച്ചു.
പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നത്. സന്ദേശം വിവാദമായതോടെ സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നതിന് പിന്നില്‍ 25 കോടി രൂപയുടെ വമ്പന്‍ അഴിമതിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആരോപിച്ചു. എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
അതേ സമയം, മദ്യനയത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നെന്ന് എം.ബി.രാജേഷ് പ്രതികരിച്ചു. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.