ശബ്ദരേഖ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു, ഗൂഢാലോചന പരിശോധിക്കും: മന്ത്രി രാജേഷ്
Friday, May 24, 2024 11:03 AM IST
തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലുമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവണത സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും അനിമോൻ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്.