സര്‍ക്കാര്‍ അബ്കാരികളുടെ കൈയില്‍ കിടന്ന് കളിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
Friday, May 24, 2024 10:31 AM IST
കോട്ടയം: സര്‍ക്കാര്‍ അബ്കാരികളുടെ കൈയില്‍ കിടന്ന് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടത് സര്‍ക്കാര്‍ വന്ന ശേഷം നിരവധി ബാറുകളാണ് വന്നത്. അത്തരമൊരു സര്‍ക്കാരിനെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. നയത്തിനകത്ത് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും അനിമോൻ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്.