ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്റെ പാർട്ടി ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി
Friday, May 24, 2024 6:55 AM IST
ഇസ്ലാമാബാദ്: കെട്ടിടനിർമാണ ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിൽ ഇസ്ലാമാബാദിലെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫിന്റെ (പിടിഐ) സെൻട്രൽ സെക്രട്ടേറിയറ്റിന്റെ ഒരു ഭാഗം ക്യാപിറ്റൽ ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) പൊളിച്ചു നീക്കി.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി ഓഫീസാണ് പൊളിച്ചു നീക്കിയത്. അനധികൃത നിർമാണവും കൈയേറ്റവും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. രാത്രി 11.30 ഓടെ ആരംഭിച്ച പ്രവർത്തനം ഒരു മണിക്കൂറിനുള്ളിൽ അവസാനിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ കൈയേറ്റം നീക്കം ചെയ്യുകയാണെന്ന് പറഞ്ഞ സിഡിഎ, സർതാജ് അലി എന്ന വ്യക്തിയുടെ പേരിലാണ് പ്ലോട്ട് അനുവദിച്ചതെന്നും പറഞ്ഞു. കെട്ടിട നിർമാണ നിയമങ്ങൾ ലംഘിച്ചാണ് പ്ലോട്ടിൽ ഒരു അധിക നില നിർമിച്ചതെന്നും സിഡിഎ പറഞ്ഞു.
പിടിഐക്ക് നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം നിയമവിരുദ്ധവും അന്യായവുമായ രീതിയിലാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയതെന്ന് പിടിഐ പറഞ്ഞു. പിടിഐക്ക് പലതവണ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സിഡിഎ പറയുന്പോൾ, സിഡിഎയിൽ നിന്ന് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പാർട്ടി ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ പറഞ്ഞു.
എന്തെങ്കിലും കൈയേറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകുകയും അവയെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നെങ്കിൽ തങ്ങൾ തന്നെ നീക്കം ചെയ്യുമായിരുന്നുവെന്നും ബാരിസ്റ്റർ പറഞ്ഞു.