തന്നെ തൂക്കിലേറ്റിയാലും എഎപി ഇല്ലാതാകില്ലെന്ന് കേജരിവാൾ
Friday, May 24, 2024 1:39 AM IST
ന്യൂഡൽഹി: ജയിലിലേക്ക് മടങ്ങിപ്പോകാൻ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയിൽവാസമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ഒരു പ്രതീക്ഷയുമില്ലാതെ വർഷങ്ങളോളം തടവിൽ കഴിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രമാണ് തീഹാർ ജയിലിൽ കഴിയുമ്പോൾ എല്ലാം സഹിക്കാനുള്ള ശക്തി പകർന്നത്. ജയിൽ അധികൃതരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മുഴുവൻ സമയ നിരീക്ഷണത്തിലായിരുന്നു താൻ.
കേജരിവാളിനെ തൂക്കിലേറ്റിയാൽ ആം ആദ്മി പാർട്ടി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടെങ്കിൽ തന്നെ തൂക്കിലേറ്റൂ. എഎപി ഒരു പാർട്ടിയല്ല, അതൊരു ആശയമാണ്. ഒരു കേജരിവാൾ മരിച്ചാൽ നൂറുകണക്കിനുപേർ ജനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജൂൺ ഒന്നിന് കേജരിവാളിന്റെ ഇടക്കാല ജാമ്യം അവസാനിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കേജരിവാളിന് മേയ് 10ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.