അബ്ദുൾ റഹീമിന്റെ മോചനം: ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
Thursday, May 23, 2024 7:44 PM IST
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മോചനത്തിനായുള്ള ദയാ ധനം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി.
മുപ്പത്തിനാല് കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് അബ്ദുള്‍ റഹീം നിയമസഹായ സമിതി കൈമാറിയത്. സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന് രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം ദയാധനം നല്കിയാല് മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് സുമനസുകളില്‍ നിന്നുള്ള പൊതുധന സമാഹരണത്തിലൂടെ മുപ്പത്തിനാലര കോടിയോളം രൂപ സ്വരൂപിച്ചത്.
ഈ പണമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. തുക റിയാദിലെ ഇന്ത്യൻ എംബസി സൗദി പൗരന്റെ കുടുംബത്തിന് കോടതി മുഖാന്തിരം കൈമാറും. വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുൾ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്.