തൃശൂരിലെ വെള്ളക്കെട്ട്: കുളവാഴകളുമായി കോർപ്പറേഷനിലേക്ക് പ്രതിപക്ഷ പ്രതിഷേധം
Thursday, May 23, 2024 3:57 PM IST
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനു പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ കൗൺസിലർമാർ. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ കുളവാഴയുമായി കോർപ്പറേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
വെള്ളക്കെട്ട് മനുഷ്യ നിർമ്മിതമാണെന്നും മഴക്കാല പൂർവപ്രവൃത്തി നടപ്പാക്കാത്ത കോർപ്പറേഷനാണ് ഇതിന് ഉത്തരവാദിയെന്നും പ്രതിപക്ഷം ആരോപിച്ചു. മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. പിന്നീട് പ്രതിഷേധക്കാരെ പോലീസ് നീക്കി.
കനത്ത മഴയിൽ നഗരം അപ്രതീക്ഷിത വെള്ളക്കെട്ടിൽ വലഞ്ഞതോടെ കളക്ടർ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. തുടർന്ന് കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു.
തൃശൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഏഴുവീടുകൾ ഭാഗികമായി തകർന്നു. പ്രധാന റോഡുകളിലും കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.
തൃശൂർ റെയിൽവേ സ്റ്റേഷനിലും വെള്ളക്കെട്ടനുഭവപ്പെട്ടു. പലയിടത്തും ഓടകൾ നിറഞ്ഞൊഴുകി. സ്വരാജ് റൗണ്ട്, ശക്തൻ- വടക്കേ സ്റ്റാൻഡ് പരിസരം, ശങ്കരയ്യ റോഡ് ഇറക്കം, എംജി റോഡ്, അയ്യന്തോൾ, ചക്കാമുക്ക്, പൂങ്കുന്നം, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി നഗരത്തോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
നഗരത്തിലെ കാനകളിൽനിന്നു വെള്ളം സ്ലാബുകൾക്കിടയിലൂടെ പുറത്തേക്കു തള്ളിയതോടെ കടകൾക്കുള്ളിലേക്ക് വെള്ളമെത്തി. തൃശൂർ അശ്വിനി ആശുപത്രിയിലെ കാഷ്വാൽറ്റിയിലടക്കം വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം തന്നെ തടസപ്പെട്ടിരുന്നു.