തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോർപറേഷൻ സെക്രട്ടറിയോട് കളക്ടർ വിശദീകരണം തേടും
Thursday, May 23, 2024 11:12 AM IST
തൃശൂർ: കനത്ത മഴയിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും അപ്രതീക്ഷിതമായി കനത്ത വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ.
നഗരത്തിലെ ഓടകൾ വൃത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടർ അറിയിച്ചു.
അതേസമയം, തൃശൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഏഴുവീടുകൾ ഭാഗികമായി തകർന്നു. പ്രധാന റോഡുകളിലും കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.
തൃശൂർ റെയിൽവേ സ്റ്റേഷനിലും വെള്ളക്കെട്ടനുഭവപ്പെട്ടു. പലയിടത്തും ഓടകൾ നിറഞ്ഞൊഴുകി. സ്വരാജ് റൗണ്ട്, ശക്തൻ- വടക്കേ സ്റ്റാൻഡ് പരിസരം, ശങ്കരയ്യ റോഡ് ഇറക്കം, എംജി റോഡ്, അയ്യന്തോൾ, ചക്കാമുക്ക്, പൂങ്കുന്നം, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി നഗരത്തോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
നഗരത്തിലെ കാനകളിൽനിന്നു വെള്ളം സ്ലാബുകൾക്കിടയിലൂടെ പുറത്തേക്കു തള്ളിയതോടെ കടകൾക്കുള്ളിലേക്ക് വെള്ളമെത്തി. തൃശൂർ അശ്വിനി ആശുപത്രിയിലെ കാഷ്വാൽറ്റിയിലടക്കം വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം തന്നെ തടസപ്പെട്ടിരുന്നു.