കേജരിവാളിനെതിരായ മെട്രോ സ്റ്റേഷനിലെ ഭീഷണി സന്ദേശം; അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചു
Thursday, May 23, 2024 6:40 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെ ഭീഷണിപ്പെടുത്തി ഡൽഹി മെട്രോ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും സന്ദേശങ്ങൾ എഴുതിയതിന് അറസ്റ്റിലായ യുവാവിന് ജാമ്യം.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത അങ്കിത് ഗോയൽ എന്ന 33കാരനാണ് കോടതി ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ പട്ടേൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയിരുന്നത്.
ബറേലിയിലെ ഒരു ബാങ്കിൽ ഉദ്യോഗസ്ഥനായ ഗോയൽ ഡൽഹിയിലെത്തി ഭീഷണി സന്ദേശങ്ങൾ എഴുതിയതിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
താൻ നേരത്തെ എഎപി അനുഭാവിയായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർട്ടിയിലെ അടുത്തിടെയുള്ള സംഭവവികാസങ്ങൾ കാരണം താൻ അസംതൃപ്തനാണെന്നും അദ്ദേഹം പോലീസിന് മൊഴി നൽകി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് അങ്കിതിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും തങ്ങൾ പരാജയപ്പെടാൻ പോകുന്നത് ബിജെപിയെ തളർത്തിയെന്നും ആപ്പ് അവകാശപ്പെട്ടു.