മമത സർക്കാരിന് തിരിച്ചടി; 2010നുശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി
Wednesday, May 22, 2024 6:14 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരിന് കനത്ത തിരിച്ചടി. 2010നുശേഷം നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും കൽക്കട്ട ഹൈക്കോടതി റദ്ദാക്കി.
2011ലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ അധികാരത്തിലെത്തിയത്. ഒബിസി സർട്ടിഫിക്കറ്റുകൾ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്തതെന്ന് ആരോപിച്ച് നിരവധി ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹർജികളിലാണ് വിധി.
ഒബിസി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ നടപടി ക്രമങ്ങളിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജോലി സംബന്ധമായ നടപടി ക്രമങ്ങൾ തുടരുന്നവർക്കും ഉത്തരവ് ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഞ്ച് ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കുന്നത്. അതേസമയം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ഒബിസി സംവരണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.