വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി; പരിശീലന സെക്ഷൻ റദ്ദാക്കി ആർസിബി
Wednesday, May 22, 2024 5:16 PM IST
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സുരക്ഷ ഭീഷണി. ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ് ബംഗളൂരുവിന്റെ താരമായ കോഹ്ലി ഇന്ന് എലിമിനേറ്റർ മത്സരത്തിനിറങ്ങാനിരിക്കെയാണ് ഭീഷണി എത്തിയത്.
സുരക്ഷാ ഭീഷണിയെ തുടർന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) പരിശീലന സെക്ഷൻ റദ്ദാക്കി. ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആര്‍സിബിയുടെ പരീശിലനമെങ്കിലും അവസാനനിമിഷം ടീം അധികൃതര്‍ റദ്ദാക്കുകയായിരുന്നു.
കോഹ്ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് പരിശീലനം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കൗട്ട് മത്സരത്തിനു മുൻപുള്ള വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന് അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.