എയർപോക്കറ്റ്: ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ
Wednesday, May 22, 2024 7:16 AM IST
ന്യൂഡൽഹി: ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്.
എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് ഒരു വീഡിയോ സന്ദേശത്തിൽ സിഇഒ ഗോ ചൂൻ ഫോംഗ് പറഞ്ഞു.
മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപ്പൂർ എയർലൈൻസിന് വേണ്ടി എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എസ്ക്യു 321 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അനുഭവിച്ച ആഘാതകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണത്തിന് ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു യാത്ര തുടങ്ങിയ ബോയിംഗ് 777-300 ഇആർ വിമാനമാണ് എയർ പോക്കറ്റിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 73 വയസുള്ള ബ്രിട്ടീഷ് പൗരനാണു മരിച്ചത്.
ഹൃദയസ്തംഭനമാണു മരണകാരണമെന്ന് കരുതുന്നു. പരിക്കേറ്റ 30 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇത്തരം സംഭവങ്ങളിൽ പരിക്കും മരണവും അത്യപൂർവമാണ്.
കാലാവസ്ഥാ റഡാറുകൾ എയർ പോക്കറ്റ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാകാം അപകടത്തിനു വഴിവച്ചത്. വിമാനം പൊടുന്നനെ താഴേക്കു വീഴുകയും വിമാനത്തിലുണ്ടായിരുന്ന വസ്തുക്കൾ തെറിച്ചുപോകുകയും ചെയ്തു.