ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചൊതുക്കി ; കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലില്‍
Tuesday, May 21, 2024 11:43 PM IST
അഹമ്മാദാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ക്വാളിഫയർ പോരാട്ടത്തിൽ എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് കോല്‍ക്കത്ത ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
സ്കോർ: ഹൈദരാബാദ് 159/10(19.3) കോല്‍ക്കത്ത 164/2(13.4). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന്റെ തുടക്കം മുതൽ പിഴയ്ക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. പരന്പരയിൽ കൂറ്റൻ അടികളുമായി തിളങ്ങിയ ട്രാവിസ് ഹെഡിനെ രണ്ടാം പന്തിൽ പവലിയനിലേക്ക് മടക്കി സ്റ്റാര്‍ക്ക് കോല്‍ക്കത്തയ്ക്ക് സ്വപ്നതുല്യ തുടക്കം നൽകി.
സഹഓപ്പണര്‍ അഭിഷേഷ് ശര്‍മ (3) തൊട്ടടുത്ത ഓവറിലും പുറാത്തായി. ഇതോടെ രണ്ടിന് 11 എന്ന നിലയിലായി ഹൈദരാബാദ്. നിതീഷ് റെഡ്ഡി (9) - ത്രിപാഠി സഖ്യം ഇന്നിംഗ്സ് കെട്ടിപടുക്കുന്നതിനിടെ വീണ്ടും സ്റ്റാര്‍ക്ക് എത്തിയതോടെ കളിയുടെ ഗതിമാറി. പിന്നീട് വന്ന താരങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ 19.3 ഓവറിൽ ഹൈദരാബാദ് താരങ്ങളെല്ലാം കൂടാരം കയറി.
55 റണ്‍സ്നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ക്ലാസന് 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) മികച്ച പ്രകടനം പുറത്തെടുത്തു.
160 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കോല്‍ക്കത്തയ്ക്കായി റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 23) സുനില്‍ നരെയ്ന് (16 പന്തില്‍ 21) സഖ്യം മികച്ച തുടക്കമാണ് നൽകിയത്.നാലാം ഓവറില്‍ ഗുര്‍ബാസും ഏഴാം ഓവറില്‍ നരെയ്നും മടങ്ങിയെങ്കിലും കോല്‍ക്കത്തയുടെ കുതിപ്പിനെ പിടിച്ചു നിർത്താൻ ഹൈദരാബാദ് താരങ്ങൾക്കായില്ല.
വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികൾ കോല്‍ക്കത്തയെ വിജത്തിലേക്ക് നയിച്ചു. കോൽക്കത്തക്കായി സ്റ്റാര്‍ക്ക് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റും വീഴ്ത്തി. മുപ്പത്തിനാല് റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ക്വാളിഫയറില്‍ പരാജയപ്പെട്ടെങ്കിലും ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. രാജസ്ഥാന് റോയല്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ നേരിടും.