ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
Tuesday, May 21, 2024 10:22 PM IST
കോട്ടയം: യുവതിയെകൊണ്ട് ഛർദ്ദി തുടപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർടിഒയ്ക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
മേയ് 15 ന് മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.