വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
Tuesday, May 21, 2024 6:51 PM IST
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777-300 ഇആര്‍ വിമാനമാണ് 211 യാത്രക്കാരും 18 ജീവനക്കാരുമായി അപകടത്തിൽപ്പെട്ടത്.
ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്ക് സുവർണഭൂമി എയർപോർട്ടിൽ ഇറക്കിയെന്ന് അധികൃതർ പറഞ്ഞു.
പരിക്കേറ്റ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി തായ്ലന്ഡ് സര്‍ക്കാരുമായി ചർച്ച നടത്തിയെന്നും മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയച്ചതായും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.