കേരള സര്‍വകലാശാല സെനറ്റ്; കോടതി വിധി ഗവർണർക്കേറ്റ തിരിച്ചടി: മന്ത്രി ആര്.ബിന്ദു
Tuesday, May 21, 2024 6:23 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയത് ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെനറ്റിലേക്ക് ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ ശിപാർശ ചെയ്യേണ്ടിയിരുന്നത്.
സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് പൊതുകീഴ്വഴക്കം. സർവകലാശാല പേര് നിർദേശിച്ച എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെ ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്യുകയായിരുന്നു.
മതിയായ യോഗ്യതകളൊന്നും ഉറപ്പാക്കാതെയായിരുന്നു ചാൻസലറുടെ നാമനിർദേശങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ സർവകലാശാലകളിൽ ചാൻസലറുടെ ഭാഗത്തു നിന്നുള്ള അമിത ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്നും കോടതി വിധിയിലൂടെ ഇതിന് തിരിച്ചടി നേരിട്ടെന്നും മന്ത്രി പറഞ്ഞു.