കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
Tuesday, May 21, 2024 5:29 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെതിരെ മേയർ നൽകിയ പരാതി ആദ്യം കന്റോണ്‍മെന്റ് പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് കേസ് മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു. കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയപ്പോൾ വേഗപൂട്ട് ഇളക്കിമാറ്റിയ നിലയിലും ജിപിഎസ് പ്രവർത്തിക്കാതെയുമാണ് രണ്ട് മാസമായി ബസ് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തി.