ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
Tuesday, May 21, 2024 3:11 PM IST
കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്കി.
സര്‍വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്‍ഥി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാഷ്ട്രീയം മാത്രം നോക്കിയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സെനറ്റിലേക്ക് ശിപാര്‍ശ ചെയ്യുന്ന പ്രതിനിധികള്‍ അതത് മേഖലയില്‍ പ്രാവീണ്യം നേടിയവരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ എബിവിപി പ്രവര്‍ത്തകരാണോ എന്ന് മാത്രം നോക്കിയാണ് ഗവര്‍ണര്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതെന്നായിരുന്നു ആക്ഷേപം.
തങ്ങള്‍ കലയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവരാണെന്നും തങ്ങളെ ആരെയും ഗവര്‍ണര്‍ സെനറ്റിലേക്ക് പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് സ്വന്തം നിലയില്‍ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ഗവര്‍ണറുടെ വാദം.
ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം കോടതി റദ്ദാക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ അടക്കം അപേക്ഷ പരിഗണിച്ചുകൊണ്ടാകണം പുതിയ നിയമനമെന്നും കോടതി നിര്‍ദേശം നല്കി. അതേസമയം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവച്ചു.