കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
Tuesday, May 21, 2024 5:36 AM IST
കോഴിക്കോട്: അച്ചടിച്ചതിനുള്ള പ്രതിഫലം നല്കാത്തതിനാല് പ്രസുകള്‍ പ്രിന്റിംഗ് നിര്‍ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തു കെട്ടിക്കിടക്കുന്നത് ഇരുപതുലക്ഷത്തോളം ആര്‍സി ബുക്കിനുള്ള അപേക്ഷകള്‍.
ദിവസം 40,000 ആര്‍സി ബുക്കുകള്‍ അച്ചടിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരാശയാണു ഫലം. പ്രസുകള്‍ക്കു കുടിശിക നല്കാത്തതിനാല് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആര്‍സി ബുക്ക് അച്ചടി നിര്‍ത്തിവച്ചിരിക്കുകയാണ്. 13.50 കോടി രൂപയാണു പ്രസുകള്‍ക്കു നല്‍കാനുള്ളത്. ആര്‍സി ബുക്ക് അയച്ച ഇനത്തില്‍ തപാല്‍ വകുപ്പിനു നല്‍കാനുള്ളത് അഞ്ചു കോടിയും. കഴിഞ്ഞ ആറുമാസമായി പണം നല്‍കുന്നില്ല.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി പറയുന്നത്. വാങ്ങുന്ന വാഹനത്തിനു യഥാസമയം ആര്‍സി ബുക്ക് ലഭിക്കാത്തതിനാല്‍ ലക്ഷക്കണക്കിനു ആര്‍സി ട്രാന്‍സ്ഫര്‍ അപേക്ഷകളാണ് പ്രിന്റ് ചെയ്യാതെ കെട്ടിക്കിടക്കുന്നത്.
ടാക്സി വാഹനങ്ങള്‍ക്ക് അടക്കം ആര്‍സി ബുക്ക് ലഭിക്കാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആര്‍സി ഉടമകള്‍ വഴിയാധാരമായി. ഒരു ടാക്സി വാഹനം അദര്‍ സ്റ്റേറ്റ് പെര്‍മിറ്റ് എടുത്ത് ട്രിപ്പ് നടത്തണമെങ്കില്‍ ആര്‍സി ബുക്ക് സബ്മിറ്റ് ചെയ്ത് വേണം താത്കാലിക പെര്‍മിറ്റ് എടുക്കാന്‍. അതിനു സാധിക്കാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്.
ഇന്‍ഷ്വറന്‍സ്, ഫിറ്റ്നസ് എന്നിവയ്ക്ക് ഈ സാഹചര്യത്തില്‍ ഭീമമായ തുക കണ്ടെത്താന്‍ കഴിയാതെ ഉടമകള്‍ പ്രതിസന്ധിയിലാണ്. ഇന്‍ഷ്വറന്‍സ് നെയിം ട്രാന്‍സ്ഫര്‍ ചെയ്താല്‍ മാത്രമേ വാഹന ഉടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. യഥാസമയം ആര്‍സി ബുക്ക് ലഭിക്കാത്തതിനാല്‍ ഇന്‍ഷ്വറന്‍സ് നെയിം ട്രാന്‍സ്ഫറും നടക്കുന്നില്ല.
വാഹന കച്ചവടക്കാര്‍ വാങ്ങി വില്പന നടത്തിയിട്ടുള്ള വാഹനങ്ങളുടെ ആര്‍സികള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാത്തതുകാരണം വാഹന കച്ചവട സ്ഥാപനങ്ങളില്‍ കയറി വാഹന ഉടമകള്‍ ബുദ്ധിമുട്ടുകയാണെന്ന് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസീസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കുമുന്നില്‍ ഇന്ന് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.