ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
Tuesday, May 21, 2024 12:22 AM IST
ന്യൂഡൽഹി: വോട്ടിംഗ് ബഹിഷ്കരിച്ച മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി. ജാർഖണ്ഡിലെ ഹസാരിബാഗ് സീറ്റിൽ മനീഷ് ജയ്സ്വാളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്ന് ആരോപിച്ച് പാർട്ടി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
"ഹസാരിബാഗ് ലോക്സഭാ സീറ്റിൽ മനീഷ് ജയ്സ്വാളിനെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നിങ്ങൾക്ക് താൽപ്പര്യമില്ല. വോട്ട് വിനിയോഗിക്കണമെന്ന് പോലും തോന്നിയില്ല. നിങ്ങളുടെ പെരുമാറ്റം കാരണം പാർട്ടിയുടെ പ്രതിച്ഛായ മോശമായി'. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആദിത്യ സാഹു കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. എന്നാൽ ഈ സംഭവത്തോട് ജയന്ത് സിൻഹ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും രാജ്യത്തും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ തന്റെ ശ്രമങ്ങൾ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മാർച്ച് രണ്ടിന് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറുകൾക്ക് ശേഷം, ജാർഖണ്ഡിലെ അർബൻ മണ്ഡലത്തിൽ മനീഷ് ജയ്സ്വാളിനെ പാർട്ടി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. 2019ൽ കോൺഗ്രസിന്റെ ഗോപാൽ സാഹുവിനെ പരാജയപ്പെടുത്തി 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയന്ത് സിൻഹ ഇവിടെ വിജയിച്ചത്.