റെംഗാര പോൾ മയക്കുമരുന്ന് വിതരണ ലോകത്തെ "കുക്ക് ക്യാപ്റ്റൻ'
Monday, May 20, 2024 7:30 PM IST
ആലുവ: ബംഗളുരുവിലെ താമസസ്ഥലത്ത് നിന്ന് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്പോൾ എറണാകുളം റൂറൽ പോലീസ് അറിഞ്ഞിരുന്നില്ല പിടികൂടിയത് വമ്പൻ സ്രാവിനെയാണെന്ന്. മയക്കു മരുന്ന് മാഫിയയ്ക്കിടയിൽ നിർമാണത്തിന് "കുക്ക്' എന്നാണ് പറയുക.
മയക്കുമരുന്ന് നിർമാണം നടത്താൻ ഡൽഹി പ്രാന്തപ്രദേശത്തെ മരുന്നു നിർമാണ കമ്പനികൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. പിടിയിലായ റെംഗാര പോൾ (29) നിർമാണത്തിന് നേതൃത്വം നൽകുന്നതിനാൽ ക്യാപ്റ്റൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ റെംഗാര പാസ്പോർട്ട് ഉപേക്ഷിച്ച് മാഫിയ സംഘത്തിൽ ചേരുകയായിരുന്നു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്നു വിതരണവും ഇയാളിലൂടെയാണെന്നാണ് പോലീസ് പറയുന്നത്.
ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലുകളും കാമ്പസുകളും കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്. എളുപ്പത്തിൽ പണം ഉണ്ടാക്കാം എന്നതാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ആഫ്രിക്കൻ വംശജരായ വിദേശികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് ബംഗളൂരുവിലെ മടിവാള. ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചാണ് എംഡിഎംഎ വിതരണം നടക്കുന്നത്. നിർമാണ സാമഗ്രികൾക്കായി ഇന്ത്യയ്ക്ക് പുറത്ത് ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കൂടുതൽ വിപുലമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു. പ്രതിക്ക് ഇടക്കാല ജാമ്യം ലഭിക്കാതിരിക്കാൻ വേഗത്തിൽ കുറ്റപത്രം നൽകുമെന്നും എസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിനിടയിൽ പ്രതി അസ്വസ്ഥത പ്രകടിപ്പിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയെ കൊണ്ടുവന്നതോടെ ശാപവാക്കുകൾ പറഞ്ഞു. ഇതോടെ പോലീസ് ഇയാളെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു.