പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
Monday, May 20, 2024 4:42 AM IST
കോട്ടയം: പാലാ നഗരസഭയിൽ നിന്ന് കാണാതായ വിവാദ എയർപോഡ്സ് തിരികെ കിട്ടിയതായി പോലീസ്. കേരള കോൺഗ്രസ് എം കൗൺസിലറായ ജോസ് ചീരംകുഴിയുടെ എയർപോഡാണ് കാണാതായത്. സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ്സ് മോഷ്ടിച്ചെന്നായിരുന്നു ജോസിന്റെ ആരോപണം.
അതേസമയം എയർപോഡ്സ് സ്റ്റേഷനിൽ എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പാലാ പോലീസ് പറയുന്നു. എയർപോഡ്സ് കിട്ടിയ ഉടൻ മൊഴി രേഖപ്പെടുത്തി പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയിരിക്കുകയാണ് പോലീസ് അറിയിച്ചു.
കോടതിയിൽ അപേക്ഷ നൽകി എയർപോഡ്സ് തിരികെ വാങ്ങും, ശാസ്ത്രീയ പരിശോധന നടത്തും. എയർപോഡ്സ് കൊണ്ടുവന്നു നൽകിയത് ആരാണെന്ന് പോലീസ് പറയുന്നില്ലെങ്കിലും മാഞ്ചസ്റ്ററിൽ നഴ്സ് ആയ ഒരു യുവതിയാണ് അമ്മയ്ക്കൊപ്പം സ്റ്റേഷനിൽ എത്തിയത് എന്ന സൂചനയുണ്ട്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പരാതിക്കാരനായ ജോസ് ചീരംകുഴിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു.
എയർപോഡ്കളുടെ അവസാന ലൊക്കേഷൻ മാഞ്ചസ്റ്ററിലായിരുന്നെന്ന് ചീരംകുഴിയുടെ പരാതിയിൽ പറയുന്നു. അതേസമയം തനിക്കെതിരെ ചുമത്തിയിരുന്ന എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.