അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു
Monday, May 20, 2024 1:34 AM IST
ന്യൂഡൽഹി: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു.
"വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനായ അമൃത്പാൽ ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഢ് ജയിലിലാണ്.
ഫരീദ്കോട്ട് (റിസർവ്) മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന സരബ്ജീത് സിംഗ് ഖൽസയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി "ഗന്ന കിസാൻ' (കരിമ്പ് കർഷകൻ) അനുവദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളായ ബിയാന്ത് സിംഗിന്റെ മകനാണ് ഖൽസ.
അതേസമയം, പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന 328 സ്ഥാനാർഥികൾക്ക് ഇന്ത്യൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചതായി പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) സിബിൻ .സി പറഞ്ഞു.
ഹാർമോണിയം, ഡംബെൽസ്, ആപ്പിൾ, ടോംഗ്സ്, ഹോക്കിയും ബോളും, സ്റ്റൂൾ, കപ്പൽ, ഗ്യാസ് സിലിണ്ടർ, ബാറ്ററി ടോർച്ച്, അൽമിറ, കമ്പ്യൂട്ടർ, ബാറ്റ്സ്മാൻ, ബാറ്റ്, ട്രക്ക്, കട്ടിൽ, കോളിഫ്ലവർ, പെട്രോൾ പമ്പ്, ടെലിവിഷൻ, ലാപ്ടോപ്പ്, ഓട്ടോ റിക്ഷ, പ്രഷർ കുക്കർ, പ്ലാസ്റ്ററിംഗ് ട്രോവൽ, ഫ്ലൂട്ട്, ഡയമണ്ട്, റോഡ് റോളർ, ലെറ്റർബോക്സ്, ചിമ്മിനി, തയ്യൽ മെഷീൻ എന്നിവയാണ് സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽ ചിലത്.
ഗുർദാസ്പൂരിൽ 14 സ്വതന്ത്രർ ഉൾപ്പെടെ 26 സ്ഥാനാർഥികളും അമൃത്സറിൽ 18 സ്വതന്ത്രർ ഉൾപ്പടെ 30 പേരും ഖദൂർ സാഹിബ് സീറ്റിൽ 18 സ്വതന്ത്രർ ഉൾപ്പടെ 27 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ടെന്ന് പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
ജലന്ധറിലെ 20 സ്ഥാനാർഥിളിൽ എട്ട് പേർ സ്വതന്ത്രരും ഹോഷിയാർപൂരിലെ 16 സ്ഥാനാർഥികളിൽ നാല് പേർ സ്വതന്ത്രരുമാണ്. ആനന്ദ്പൂർ സാഹിബിൽ ആകെയുള്ള 28 സ്ഥാനാർഥികളിൽ 13 സ്വതന്ത്രരും ലുധിയാനയിൽ 43 സ്ഥാനാർഥികളിൽ 26 സ്വതന്ത്രരും ഉണ്ട്.
ഫത്തേഗഡ് സാഹിബിൽ ആകെയുള്ള 14 സ്ഥാനാർഥികളിൽ ഏഴ് പേർ സ്വതന്ത്രരും ഫരീദ്കോട്ടിലെ ആകെ 28 സ്ഥാനാർഥികളിൽ 12 പേരും സ്വതന്ത്രരുമാണ്. 17 സ്വതന്ത്രർ ഉൾപ്പെടെ 29 സ്ഥാനാർഥികളാണ് ഫിറോസ്പൂരിൽ മത്സരിക്കുന്നത്.
ബട്ടിൻഡയിലെ 18 സ്ഥാനാർഥികളിൽ എട്ട് പേർ സ്വതന്ത്രരും 23 സ്ഥാനാർഥികളുള്ള സാഗ്രൂരിൽ ഒമ്പത് പേർ സ്വതന്ത്രരുമാണ്. പട്യാലയിൽ 15 സ്വതന്ത്രരും ഉൾപ്പടെ 26 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.