ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
Monday, May 20, 2024 1:11 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസിന്റെ (എൻസി) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ കത്തി ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഫാറൂഖ് അബ്ദുള്ള സ്ഥാനാർഥിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം.
പരിക്കേറ്റ യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി രജൗരി ടൗണിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളായ സുഹൈൽ അഹമ്മദ് എന്നയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
യാസിർ അഹമ്മദ്, ഇമ്രാൻ അഹമ്മദ് എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ടുപേർ. ഇവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവർ സ്ഥലത്തു നിന്നും മുങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.