മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
Sunday, May 19, 2024 11:35 PM IST
ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇടയ്ക്ക് മഴ മാറിയപ്പോൾ ഏഴ് ഓവർ വീതം മത്സരം നടത്താൻ ടോസ് ഇട്ടെങ്കിലും വീണ്ടും മഴയെത്തി.
ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ 20 പോയിന്റോടെ കോൽക്കത്ത ഒന്നാം സ്ഥാനത്തെത്തി. ഹൈദരാബാദിനും രാജസ്ഥാനും 17 പോയിന്റായതോടെ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാന് (+0.273) മൂന്നാം സ്ഥാനത്തായി.
ഹൈദരാബാദ് (+0.414) രണ്ടാം സ്ഥാനത്തും എത്തി. 21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തും.
തോല്‍ക്കുന്നവര്‍ 22ന് നടക്കുന്ന രാജസ്ഥാന് - ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.