യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
Sunday, May 19, 2024 6:09 PM IST
ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊല്ലാൻ ശ്രമം. അരുൺ പ്രസാദ് എന്നയാളെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്ന സംഭവങ്ങളുടെ തുടക്കം. രാത്രി 11 ന് സിവിൽ ഡ്രസിലെത്തിയ പോലീസുകാർ പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന യുവാവിനെ ചോദ്യം ചെയ്തു.
പോലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും ഇവരെ ആക്രമിച്ചു. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ അരുൺ പ്രസാദ് പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി തന്നെ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു. തടർന്ന് പ്രതികളുടെ നേതൃത്വത്തിൽ അരുണിനെ തട്ടിക്കൊണ്ടു പോയി കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയിലുള്ള റെയിൽവേ ക്രോസിൽ വച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
യുവാവിനെ ഗുണ്ടകൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.