പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ
Sunday, May 19, 2024 6:35 AM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ്ചെയ്തു.
പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനാലാണ് ഇയാൾക്കെതിരേ നടപടിയെടുത്തത്. കേസിൽ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാൾ പ്രതിക്ക് ചോർത്തി നൽകി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്.
പിടിക്കപ്പെടാതെ ചെക്പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇയാളുടെ കോള്‍ റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണ വിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.