മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
Sunday, May 19, 2024 5:41 AM IST
ന്യൂഡല്‍ഹി: മോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം തിരിച്ചറിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിക്കെതിരായ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായി അവഗണിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിക്കെതിരേ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് യെച്ചൂരി വിമർശനവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി നടത്തിയ വര്‍ഗീയ പ്രസംഗങ്ങളുടെ വീഡിയോയും ബന്‍സ്വാരയിലെ പ്രസംഗത്തിന്റെ പത്രകട്ടിംഗുകളും പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന് പതിവ് അറിയിപ്പ് പോലും നല്‍കാതെ പരാതി അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുല്യമായ മത്സരാന്തരീക്ഷമില്ലാത്ത, സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്താത്ത സാഹചര്യമുണ്ട്. ഇത് കമ്മീഷന്റെ ദേശ് കാ ഗര്‍വ് എന്ന മുദ്രാവാക്യത്തെ പൊള്ളയാക്കിയിരിക്കുന്നതായി യെച്ചൂരി ചൂണ്ടിക്കാട്ടി.