മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
Sunday, May 19, 2024 2:13 AM IST
തിരുവനന്തപുരം: ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തെ മാറ്റിയെഴുതാനും തമസ്ക്കരിക്കാനുമുള്ള ശ്രമത്തെ തിരിച്ചറിയണം. നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയതലമുറക്ക് പകർന്ന് നൽകണം.
മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യുസിയം ദിനാഘോഷത്തിന്റെ ആപ്തവാക്യം. ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ച് ദിനാഘോഷത്തെ അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണം.
മ്യൂസിയങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കഥ പറയുന്ന മ്യൂസിയം എന്നതാണ് ആധുനികകാല സങ്കൽപ്പം. ബൗദ്ധികവും ചിന്താ പരവുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മ്യൂസിയങ്ങൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.