അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മീഷന്
Saturday, May 18, 2024 8:03 PM IST
കൊച്ചി: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.
പന്തീരങ്കാവ് കേസില്‍ ഒളിവിൽ കഴിയുന്ന ആളുമായി ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ കാണിക്കുന്നത് അപമാനകരമാണ്. പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതയ്ക്ക് സംരക്ഷണം നല്കാന് ലക്ഷ്യമിട്ടു കൊണ്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും പി.സതീദേവി പറഞ്ഞു.
പന്തീരങ്കാവ് കേസില്‍ സ്വന്തം വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതിനു പോലും പെണ്‍കുട്ടിക്ക് അനുവാദം നല്‍കിയിരുന്നില്ല എന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്.
പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മീഷന് ലഭ്യമാക്കുമെന്നും സതീദേവി പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മീഷന് അധ്യക്ഷ സംസാരിച്ചു.