കൊച്ചിയിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറംഗ സംഘം പിടിയിൽ
Saturday, May 18, 2024 7:46 PM IST
കൊച്ചി: എളമക്കരയിൽ ലഹരി മരുന്നുമായി യുവതി ഉൾപ്പെട്ട ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിവന്നിരുന്ന സംഘമാണ് പിടിയിലായത്. മെത്താംഫിറ്റമിൻ, ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ, കഞ്ചാവ് എന്നിവയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.
എളമക്കരയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. അറസ്റ്റിലായവർ മുൻപും സമാന കേസിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ലോഡ്ജിൽ നടത്തിയ റെയ്ഡിനിടെയാണ് സംഘം വലയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.