മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
Saturday, May 18, 2024 6:48 PM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും തടഞ്ഞ കെഎസ്ആർടിസി ബസിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ബസ് ഡ്രൈവർ യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
മേയ് 21ന് മജിസ്ട്രേറ്റിനു മുന്നിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിനു മുൻപായാണ് ബസ് എംവിഡിയെക്കൊണ്ട് പോലീസ് പരിശോധിപ്പിച്ചത്. പരിശോധനയിൽ ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി.
മേയർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ യദു തെറ്റായ ദിശയിലൂടെ ബസ് ഓടിച്ചുവെന്ന് ആര്യ രാജേന്ദ്രൻ പോലീസിൽ മൊഴി നൽകിയിരുന്നു. പട്ടം മുതൽ പാളയം വരെ എത്ര വേഗതയിൽ ബസിന് സഞ്ചരിക്കാനാകും എന്നറിയാനാണ് വേഗപ്പൂട്ട് പരിശോധിച്ചത്.
എന്നാൽ മാസങ്ങളായി വേഗപ്പൂട്ട് അഴിച്ച്മാറ്റിയിട്ടാണ് ബസ് സർവീസ് നടത്തിയതെന്ന് എംവിഡി പരിശോധനയിൽ കണ്ടെത്തി.