മമത ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം: അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
Saturday, May 18, 2024 12:46 PM IST
മുംബൈ: മമതാ ബാനര്‍ജി ബിജെപിയിലേക്ക് പോയേക്കുമെന്ന പരാമര്‍ശത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ താക്കീത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് അധികാരമില്ലെന്ന് ഖാർഗെ പറഞ്ഞു.
തീരുമാനങ്ങള്‍ അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്കി. മുംബൈയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് ഖാര്‍ഗെയുടെ താക്കീത്.
ഇന്ത്യാ മുന്നണിയെ താന്‍ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ പ്രസ്താവന സഖ്യത്തിന് കരുത്ത് പകരുന്നതായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് മമതയെ തനിക്ക് വിശ്വാസമില്ലെന്ന പരാമര്‍ശവുമായി ചൗധരി രംഗത്തെത്തിയത്. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മമത അവര്‍ക്കൊപ്പം പോയേക്കുമെന്നും ചൗധരി പറഞ്ഞിരുന്നു.