പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
Saturday, May 18, 2024 10:45 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ രാഹുലിന് രാജ്യം വിടാന്‍ പോലീസുകാരന്റെ ഒത്താശ. പിടിക്കപ്പെടാതെ ചെക്പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നാണ് കണ്ടെത്തല്‍.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇയാളുടെ കോള്‍ റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കും. രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ജർമനിലേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്ന കാര്യം പോലാസിന്റെ പരിഗണനയിലുണ്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ വിദേശത്തുള്ള ഏജന്‍സികള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
എന്നാൽ ബ്ലൂ കോര്‍ണര്‍ നോട്ടീസിന്റെ തുടര്റിപ്പോര്ട്ട് കിട്ടിയ ശേഷമാകും ഇത് സംബന്ധിച്ച നടപടി ആരംഭിക്കുകയെന്ന് പോലീസ് അറിയിച്ചു. രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം തെറ്റാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബന്ധുക്കള്‍ ഇത്തരമൊരു പ്രചാരണം നടത്തിയത് ബോധപൂര്‍വമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.