പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ ജര്‍മന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്
Saturday, May 18, 2024 8:51 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നത് പരിഗണനയില്‍. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ വിദേശത്തുള്ള ഏജന്‍സികള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
എന്നാൽ ബ്ലൂ കോര്‍ണര്‍ നോട്ടീസിന്റെ തുടര്റിപ്പോര്ട്ട് കിട്ടിയ ശേഷമാകും ഇത് സംബന്ധിച്ച നടപടി ആരംഭിക്കുകയെന്ന് പോലീസ് അറിയിച്ചു. അതേസമയം രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം തെറ്റാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബന്ധുക്കള്‍ ഇത്തരമൊരു പ്രചാരണം നടത്തിയത് ബോധപൂര്‍വമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസില്‍ രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.