നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം: വി. ശിവന്‍കുട്ടി വ്യോമയാന മന്ത്രിക്ക് കത്തയച്ചു
Friday, May 17, 2024 9:28 PM IST
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ വ്യോമയാന മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിമാനകമ്പനിയുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടായിരുന്നില്ല.
ഗുരുതരാവസ്ഥയിൽ ഒമാനിൽ ചികിത്സയിൽ കഴിയുകയായിരുന്നു നമ്പി രാജേഷ്. ഇയാളെ പരിചരിക്കാനായി പുറപ്പെട്ട ഭാര്യയ്ക്ക് മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനിൽ എത്തിച്ചേരാനായില്ല. തുടർന്ന് നമ്പി രാജേഷ് മരണപ്പെടുകയായിരുന്നു.