ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
Friday, May 17, 2024 3:56 PM IST
കാസര്‍ഗോട്: തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്ന ആരോപണവുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്കാൻ ഏല്‍പ്പിച്ച പണം മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍വച്ച് നടത്തിയ പ്രസംഗത്തിലാണ് ഉണ്ണിത്താന് ഇക്കാര്യം ഉന്നയിച്ചത്. ചില വിദ്വാന്മാര് തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും ഉണ്ണിത്താന് പറഞ്ഞു.
മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്, ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു, ബൂത്തില്‍ കൊടുക്കാന്‍ തന്ന പൈസ ബൂത്തിനുള്ള പൈസയാണ്. അതൊന്നും എടുത്ത് മാറ്റാന്‍ ആരെയും അനുവദിക്കില്ല.
ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉണ്ണിത്താന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.