പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് പോലീസ്
Friday, May 17, 2024 11:15 AM IST
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ ഭർതൃവീട്ടിൽ വച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. രാഹുലിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാഹുല്‍ യുവതിയെ ആക്രമിക്കുന്ന സമയത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്ന സുഹൃത്താണ് കസ്റ്റഡിയിലുള്ളത്. ഇയാളുമായി രാഹുല്‍ നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു.
രാഹുലിന് ജര്‍മന്‍ പൗരത്വമുണ്ടെന്നാണ് വിവരം. ഇയാളെ രാജ്യത്തെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. കേരള പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോളാണ് നോട്ടീസ് പുറത്തിറക്കിയത്.
പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നാണ് പറവൂർ സ്വദേശിയായ യുവതിയുടെ പരാതി. കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചു. ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ പൂട്ടിയിട്ട മുറിയിൽ വച്ച് മർദിച്ചെന്നും പരാതിയിൽ പറയുന്നു.