നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
Wednesday, May 15, 2024 12:11 PM IST
കൊച്ചി: നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമായ മർദനമേറ്റ സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താനെത്തുമെന്ന കാര്യം ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ പിതാവിനെ വിളിച്ചറിയിച്ചിട്ടുണ്ട്. വനിതാ കമ്മീഷനും നേരിട്ടെത്തി മൊഴിയെടുക്കും.
യുവതിയുടെ പിതാവ് ഹരിദാസൻ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും റൂറൽ എസ്പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർച്ചയായി കോഴിക്കോട്ട് എത്തി കേസ് കാര്യങ്ങൾ നടത്താനുള്ള ബുദ്ധിമുട്ട് കണക്കാക്കി സംഭവം നടന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽനിന്നു യുവതിയുടെ സ്റ്റേഷൻ പരിധിയിലേക്ക് കേസിന്റെ അന്വേഷണ ചുമതല മാറ്റണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രതിയായ കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് അനുകൂലമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സിഐക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി വേണമെന്ന് ഹരിദാസന് ആവശ്യപ്പെട്ടു.
കേസ് എടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ബന്ധുക്കൾ യുവതിയുമായി സ്റ്റേഷനിലെത്തിയ ദിവസം രാഹുലും സ്റ്റേഷനിലെത്തിയിരുന്നെങ്കിലും പോലീസ് ഇയാളുമായി സൗഹൃദത്തിൽ ഇടപ്പെടുകയും വധശ്രമത്തിനു കേസെടുക്കാതെ വിട്ടയയ്ക്കുകയുമാണ് ചെയ്തത്. ഭർത്താവ് ഭാര്യയെ തല്ലുന്നത് കാര്യമാക്കേണ്ടതില്ലെന്നും പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് അയാളോടൊപ്പം പോകാനുമായിരുന്നു പോലീസ് നിർദേശിച്ചതെന്നും പിതാവ് പറയുന്നു.
രാഹുല്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ രാഹുല്‍ രണ്ടു വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങിയെന്ന് ഹരിദാസന് പറഞ്ഞു. ഇക്കാര്യങ്ങള്‍ കൂടി പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രതി രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.
രാഹുല്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നുവരെ വീട്ടില്‍ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്. രാഹുല്‍ നവവധുവിനെ മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവര്‍ കൂട്ടിച്ചേർത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.