മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
Tuesday, May 14, 2024 11:02 AM IST
മുംബൈ: മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. അറുപതിൽ അധികം പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഘാട്കോപ്പറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയും പൊടിക്കാറ്റുമാണ് അപകടത്തിന് കാരണമായത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നവരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്നാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.