പരസ്യ ബോർഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 12 ആയി
Tuesday, May 14, 2024 6:23 AM IST
മുംബൈ: മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ് 43പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
ഘാട്കോപ്പറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയും പൊടിക്കാറ്റുമാണ് അപകടത്തിന് കാരണമായത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്.