പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി
Tuesday, May 14, 2024 12:31 AM IST
മുംബൈ: പീഡനത്തിന് ഇരയായ 12 വയസുകാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റീസുമാരായ സന്ദീപ് മാർനെയും നീലാ ഗോഖലെയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് അനുമതി നൽകിയത്.
പെൺകുട്ടിയെ 14 വയസുള്ള സഹോദരനാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജി പ്രകാരം സഹോദരനെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം ആദ്യം വയറുവേദനയെ തുടർന്ന് പെൺകുട്ടി അമ്മയോട് പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയായ വിവരം പുറത്തറിയുന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ സഹോദരൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തി. ഈ വിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും സഹോദരൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
അമ്മയുടെ പരാതിയിൽ മകനെതിരെ ഇന്ത്യൻ ശിക്ഷാനിയമവും ലൈംഗികാതിക്രമങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണവും (പോക്സോ) നിയമപ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.